കാണ്ഡഹാറില്‍ ലാലിനു നായിക പാര്‍വതി ഓമനക്കുട്ടന്‍

കാണ്ഡഹാര്‍’ ചിത്രീകരണം ആരംഭിക്കുകയാണ്. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് കാണ്ഡഹാര്‍. മുന്‍ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന് നായികയാകുന്നത്.

ഈ ചിത്രത്തില്‍ ആരെയാണ് മോഹന്‍ലാലിന് നായികയാക്കുക എന്ന കാര്യത്തില്‍ മേജര്‍ രവിക്ക് അധികം അന്വേഷണം നടത്തേണ്ടി വന്നില്ല. തന്‍റെ ‘മാടന്‍‌കൊല്ലി’ എന്ന ചിത്രത്തില്‍ നായികയാക്കാന്‍ ആദ്യം പാര്‍വതി ഓമനക്കുട്ടനെ മേജര്‍ രവി പരിഗണിച്ചിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ പ്രൊജക്ട് നടന്നില്ല. മികച്ച ഒരു സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കണമെന്ന് പാര്‍വതിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു മനസിലാക്കിയ മേജര്‍ രവി കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ നായികയായി പാര്‍വതിയെ തീരുമാനിക്കുകയായിരുന്നു.

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ തുടക്കം കുറിക്കാനായതില്‍ ആവേശത്തിലാണ് പാര്‍വതി. കാണ്ഡഹാറില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് പാര്‍വതിയുടേത്. ഇതിനൊപ്പം തന്നെ ‘ഉമാമഹേശ്വരം’ എന്ന ചിത്രത്തിലൂടെ തമിഴിലും പാര്‍വതി ഓമനക്കുട്ടന്‍ രംഗപ്രവേശം നടത്തുകയാണ്.

കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. മുമ്പ് തമിഴ് സൂപ്പര്‍താരം സൂര്യയെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചെങ്കിലും അവസാനനിമിഷം അദ്ദേഹം പിന്‍‌മാറുകയായിരുന്നു. ഗണേഷ് വെങ്കിട്ടരാമനാണ് ഇപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിതാരം സുനില്‍ ഷെട്ടി അതിഥിതാരമായി എത്തുമെന്നും സൂചനയുണ്ട്.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments