ഇളം മഞ്ഞിന്‍ കുളിരുമായൊരു.... മലയാളികള്‍ എന്നും മനസ്സില്‍ താലോലിയ്ക്കുന്ന ഈ ഗാനം ഏത് ചിത്രത്തിലേതാണെന്ന് ഓര്‍മ്മയുണ്ടോ? മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു ഇത്. സിനിമയിറങ്ങി രണ്ടര പതിറ്റാണ്ടോടക്കുമ്പോഴും ഈ ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ 'നിന്നിഷ്ടം എന്നിഷ്ടം' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. രഞ്ജിത്തിന്റെ സഹോദരനായ രാജീവാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്. ആദ്യ ഭാഗത്തിലെ നായകനായ മോഹന്‍ലാല്‍ നിര്‍ണായക റോളില്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ( ലാല്‍ അവിസ്മരണീയമാക്കിയ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യത്തോടെയാണ് ആദ്യഭാഗം അവസാനിയ്ക്കുന്നത്.)
നായകന്റെയും നായികയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ആദ്യ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അഭിനയിച്ചേക്കും.അതേ സമയം ആദ്യചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള വേഷം അവതരിപ്പിച്ച പപ്പു അന്തരിച്ചതിനാല്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി സുരാജ് വെഞ്ഞാറമ്മൂടിനെ അഭിനയിപ്പിയ്ക്കാനാണ് ആലോചിയ്ക്കുന്നത്.
മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ആദ്യ ചിത്രത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേര് തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും ഉണ്ടാവുകയെന്നറിയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരും.

Home
Unlabelled
ലാലിന്റെ നിന്നിഷ്ടം എന്നിഷ്ട'ത്തിന് രണ്ടാം ഭാഗം
ലാലിന്റെ നിന്നിഷ്ടം എന്നിഷ്ട'ത്തിന് രണ്ടാം ഭാഗം
Share This