അപ്രതീക്ഷിത സംഭവങ്ങളുടെ കളമാണ് സിനിമ. അടുത്ത നിമിഷം ഏതു പ്രൊജക്ടിന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇപ്പോഴിതാ, അപ്രതീക്ഷിതമായത് സംഭവിച്ചിരിക്കുന്നു. അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കപ്പെട്ടു എന്ന് ഏവരും വിശ്വസിച്ചിരുന്ന ജോഷിച്ചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ ജനുവരി 11ന് ചിത്രീകരണം ആരംഭിക്കുകയാണ്. ഇതേ ഡേറ്റില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്‍റെ കാസനോവ അനിശ്ചിതമായി മാറ്റിയിരിക്കുന്നു.
കാസനോവയുടെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍ അവസാന നിമിഷം പിന്‍മാറിയതാണ് മോഹന്‍ലാലിന് തിരിച്ചടിയായത്. കാസനോവയ്ക്കു വേണ്ടി കൊല്ലങ്കോട് ആയുര്‍വേദ ചികിത്സാലയത്തില്‍ സുഖചികിത്സ കഴിയുകയും ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയും ചെയ്ത മോഹന്‍ലാലിനെ പ്രൊജക്ടിനുണ്ടായ തിരിച്ചടി ഞെട്ടിക്കുക തന്നെ ചെയ്തു. ഏകദേശം പത്തുകോടി രൂപയോളം ബജറ്റ് പ്രതീക്ഷിച്ചിരുന്ന ‘കാസനോവ’ മാറ്റിവയ്ക്കുകയല്ലാതെ മറ്റു നിവര്‍ത്തിയില്ല എന്ന സ്ഥിതിവന്നു.
മോഹന്‍ലാലിന്‍റെ ഏകദേശം ഒന്നര മാസത്തോളമുള്ള ഡേറ്റ് പാഴാകുമെന്ന സ്ഥിതിയിലാണ് ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വീണ്ടും ആരംഭിച്ചാലോ എന്ന ചിന്തയുണ്ടാകുന്നത്. ജോഷിയുമായി ഉടന്‍ ബന്ധപ്പെടുകയും ജനുവരി 11ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് ആരംഭിക്കാന്‍ തീരുമാനമാകുകയും ചെയ്തു എന്നാണ് വിവരം. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാലിന് കാവ്യാ മാധവന്‍ നായികയാകും.
സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതിയ കാസനോവ കഴിഞ്ഞ വര്‍ഷം ചിത്രീകരിക്കാനിരുന്നതാണ്. ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഗംഭീരമായി ബാംഗ്ലൂരില്‍ നടന്നതിനു ശേഷം നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈശാഖ് രാജന്‍ കാസനോവ ഏറ്റെടുത്തത്. എന്നാല്‍ അവസാന നിമിഷം രാജനും ചിത്രത്തെ കൈയ്യൊഴിയുകയായിരുന്നു. ഇനി ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം എല്ലാവരുടെയും സൌകര്യം അനുസരിച്ച് കാസനോവ പ്ലാന്‍ ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു നിര്‍മ്മാതാക്കളൊന്നും വേണ്ടെന്നും താന്‍ തന്നെ ഇനി കാസനോവ നിര്‍മ്മിച്ചുകൊള്ളാമെന്നും ആശീര്‍വാദ് സിനിമാസിന്‍റെ അമരക്കാരന്‍ ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരു മള്‍ട്ടിസ്റ്റാര്‍ സംരംഭമാണ്. മോഹന്‍ലാലിനെയും കാവ്യാ മാധവനെയും കൂടാതെ സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉദയകൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥയെഴുതുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് എ വി അനൂപും വര്‍ണചിത്ര സുബൈറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.