മോഹന്‍ലാല്‍ ഇനി വക്കീല്‍ക്കുപ്പായത്തില്‍ - Mohanlal Fans Association

മോഹന്‍ലാല്‍ ഇനി വക്കീല്‍ക്കുപ്പായത്തില്‍

Share This


മോഹന്‍ലാല്‍ ഇനി വക്കീല്‍ വേഷത്തില്‍. ‘ജനകന്‍’ എന്ന സിനിമയിലാണ് ലാലിനെ അഭിഭാഷകവേഷത്തില്‍ കാണാനാവുക. മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിക്കുന്ന ‘ജനകന്‍’ ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാക്സ് ലാബാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ റീ റെക്കോര്‍ഡിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. രാജാമണിയാണ് റീ റെക്കോര്‍ഡിംഗ് നിര്‍വഹിക്കുന്നത്.

മോഹന്‍ലാല്‍ - സുരേഷ്ഗോപി കോമ്പിനേഷന്‍ തന്നെയാണ് ജനകന്‍റെ പ്രധാന ആകര്‍ഷണം. എസ് എന്‍ സ്വാമി തിരക്കഥയെഴുതുന്ന ഒരു ഫാമിലി ത്രില്ലറാണിത്. അഡ്വക്കേറ്റ് സൂര്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കൊലക്കുറ്റം ആരോപിക്കപ്പെട്ട വിശ്വനാഥന്‍ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ സുരേഷ്ഗോപി അഭിനയിക്കുന്നത്. വിശ്വനാഥനെ രക്ഷിക്കാന്‍ സൂര്യനാരായണന് കഴിയുമോ എന്നതാണ് ഈ സിനിമയുടെ പ്രമേയം.

തികച്ചും ഒരു ഗ്രാമീണനാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെ ഭാര്യ നിര്‍മ്മലയായി കാവേരി അഭിനയിക്കുന്നു. പുതുമുഖം പ്രിയയാണ് സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ കോളജു കുമാരിയായി വരുന്നത്. ഈ പെണ്‍കുട്ടി കൊല്ലപ്പെടുകയാണ്. സ്വന്തം മകളുടെ കൊലപാതകക്കുറ്റം തന്നെയാണ് വിശ്വനാഥനു മേല്‍ ആരോപിക്കപ്പെടുന്നത്.

വിശ്വനാഥന്‍ നിരപരാധിയാണെന്നു മനസിലാക്കുന്ന അഡ്വക്കേറ്റ് സൂര്യ നാരായണന്‍ ഈ കേസ് ഏറ്റെടുക്കുകയാണ്. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, ഗണേഷ്കുമാര്‍, വിജയകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജ്യോതിര്‍മയി ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം സമ്പത്താണ് ജനകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. ലൈന്‍ ഓഫ് കളേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, ഗുരു, മണിച്ചിത്രത്താഴ്, ട്വന്‍റി 20, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവയാണ് മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്‍. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിനെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

source:24dunia.com

Pages