രഞ്ജിത് - മോഹന്‍ലാല്‍ പിണക്കം തീര്‍ന്നുഹിറ്റ് മേക്കര്‍ രഞ്ജിത്തും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍‌ലാലും തമ്മില്‍ നില നിന്നിരുന്ന ‘സൌന്ദര്യപ്പിണക്കം’ അവസാനിച്ചു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

‘റോക്ക് ന്‍ റോളി’ന് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും അകലുന്നത്. ഒന്നിക്കാനുള്ള പല പ്രൊജക്ടുകളും വന്നെങ്കിലും ഇരുവരും അതില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. നല്ല പ്രൊജക്ടുകളുമായി എളുപ്പത്തില്‍ സമീപിക്കാവുന്ന താരം മമ്മൂട്ടിയാണെന്ന് പലതവണ രഞ്ജിത് പറയുകയും ചെയ്തു.

‘റോക്ക് ന്‍ റോളി’ന് ശേഷം മമ്മൂട്ടിച്ചിത്രങ്ങള്‍ പലതു ചെയ്തെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രമെന്ന ആശയത്തില്‍ നിന്ന് രഞ്ജിത് മാറിനിന്നു. മുന്‍‌പ് ‘മായാമയൂര’ത്തിന്‍റെ പരാജയത്തിന് ശേഷവും മോഹന്‍ലാലും രഞ്ജിത്തും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

10 സംവിധായകരെയും 10 കഥകളെയും ബന്ധിപ്പിച്ച ‘കേരള കഫെ’യിലും മോഹന്‍ലാലിനെ മാത്രം രഞ്ജിത് സഹകരിപ്പിച്ചില്ല. ഉടനെങ്ങും ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയില്ലെന്നാണ് ഇന്‍ഡസ്ട്രിയില്‍ പരന്നിരുന്ന വര്‍ത്തമാനം. എന്നാലിതാ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സിനിമയ്ക്കുള്ള കോപ്പുകൂട്ടുകയാണ് രഞ്ജിത്തും മോഹന്‍ലാലും.

ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ഉസ്താദ് തുടങ്ങിയ വമ്പന്‍ ഹിറ്റുകളാണ് മോഹന്‍ലാല്‍ - രഞ്ജിത് ടീം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

Popular Posts