പ്രശസ്ത തിരക്കഥാകൃത്ത് ടി എ ഷാഹിദ് സംവിധായകനാകുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ഷാഹിദ് ആദ്യ ചിത്രം ഒരുക്കുന്നത്. പത്മരാജന്‍ ചിത്രങ്ങളെപ്പോലെ കലാമൂല്യമുള്ള സിനിമയാണ് തന്‍റെ മനസിലെന്ന് ഷാഹിദ് പറയുന്നു.
മോഹന്‍ലാലിനോട് ഷാഹിദ് കഥ പറഞ്ഞു കഴിഞ്ഞു. കഥ ഇഷ്ടപ്പെട്ട യൂണിവേഴ്സല്‍ സ്റ്റാര്‍ തിരക്കഥാ രചനയുമായി മുന്നോട്ടു പോകാന്‍ ഷാഹിദിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 2010ല്‍ ഈ ചിത്രം തുടങ്ങാന്‍ ഷാഹിദ് ആഗ്രഹിക്കുന്നില്ല. താന്‍ ഏറ്റെടുത്തിട്ടുള്ള തിരക്കഥാ ജോലികള്‍ തീര്‍ത്ത ശേഷം മാത്രമേ സംവിധാന സംരംഭത്തിലേക്ക് ഷാഹിദ് കടക്കുകയുള്ളൂ.
അതിമാനുഷ കഥാപാത്രങ്ങളുടെ കുരുക്കില്‍ പെട്ട് മോഹന്‍ലാലിന്‍റെ കരിയര്‍ പ്രതിസന്ധിയില്‍ അകപ്പെട്ട കാലത്ത് ‘ബാലേട്ടന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച് മോഹന്‍ലാലിലെ നടനെ മലയാളികള്‍ക്ക് തിരികെ സമ്മാനിച്ച തിരക്കഥാകൃത്താണ് ടി എ ഷാഹിദ്. പിന്നീട് ‘നാട്ടുരാജാവ്’ എന്ന ഹിറ്റ് ചിത്രവും ‘അലിഭായ്’ എന്ന ഫ്ലോപ്പും ലാലിന് വേണ്ടി ഷാഹിദ് രചിച്ചു.
തൂവാനത്തുമ്പികള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങിയ സിനിമകളുടെ ജനുസില്‍ പെടുന്ന ഒരു ചിത്രമാണ് ഷാഹിദ് സംവിധായകനാകുമ്പോള്‍ ആലോചിക്കുന്നത്. എന്തായാലും ഷാഹിദിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
Source:webdunia.com