മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം ‘യോദ്ധ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. മോഹന്‍ലാലും ജഗതിയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നായിക ലക്ഷ്മി റായിയാണ്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ എന്നീ സിനിമകള്‍ക്ക് ശേഷം ലക്ഷ്മി റായി നായികയാകുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും ഇത്. തമിഴകത്തെ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്തിന്‍റെ അമ്പതാം ചിത്രമായ മംഗാതയിലും ലക്ഷ്മി തന്നെയാണ് നായിക.
മറ്റ് തുടരന്‍ ചിത്രങ്ങളേക്കാള്‍ യോദ്ധ - 2ന് ഏറെ പ്രത്യേകതകളുണ്ട്. അവയില്‍ ഒന്ന്, ഈ സിനിമ ത്രീഡിയിലാണ് ഇറങ്ങുന്നത് എന്നതാണ്. അശോകനും അപ്പുക്കുട്ടനുമായി ലാലും ജഗതിയും മത്സരിച്ചഭിനയിക്കുന്നത് സാങ്കേതികത്തികവോടെ പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
യോദ്ധ സംവിധാനം ചെയ്തത് സംഗീത് ശിവനായിരുന്നു എങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് സംഗീതിന്‍റെ സഹോദരന്‍ സഞ്ജീവ് ശിവനാണ്. മുമ്പ് ‘അപരിചിതന്‍’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കേരളവും നേപ്പാളും ന്യൂസിലന്‍ഡുമാണ് പ്രധാന ചിത്രീകരണ കേന്ദ്രങ്ങള്‍.
യോദ്ധയിലെ ഗാനങ്ങള്‍ ഒരുക്കിയത് എ ആര്‍ റഹ്‌മാനാണെങ്കില്‍ യോദ്ധ - 2ന്‍റെ സംഗീതം ഹാരിസ് ജയരാജാണ്. ലോക പ്രശസ്ത ഛായാഗ്രാഹകനായ സീന്‍ കിര്‍ബിയും സന്തോഷ് ശിവനും ചേര്‍ന്നാണ് ക്യാമറ ചലിപ്പിക്കുക. നേപ്പാളില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെടുന്ന ഒരു കുട്ടിലാമയെ ചുറ്റിപ്പറ്റിയാണ് യോദ്ധ - 2ന്‍റെ കഥ വികസിക്കുന്നത്. യോദ്ധയിലെ വില്ലനായിരുന്ന പുനിത് ഇസാര്‍ തന്നെ ഈ ചിത്രത്തിലും വില്ലന്‍ വേഷത്തിലെത്തിയേക്കും. സന്തോഷ് ശിവന്‍ സ്വന്തം സംവിധാന സംരംഭമായ ‘ഉറുമി’യുടെ തിരക്കിലാണ് ഇപ്പോള്‍.
