മോഹന്‍ലാല്‍ - അഭിനയകലയുടെ ദേവനും അസുരനും

മോഹന്‍ലാല്‍ - അഭിനയകലയുടെ ദേവനും അസുരനും

സംവിധായകരുടെ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ച സിനിമകളുടെ വ്യത്യസ്തതയും ഭംഗിയും അതാണ്. മേക്കപ്പിന്‍റെ സഹായത്താല്‍ രൂപമാറ്റം വരുത്തി അധിക സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല മോഹന്‍ലാല്‍. ശബ്ദത്തിലും വലിയ വ്യതിയാനങ്ങള്‍ പരീക്ഷിക്കാറില്ല. എന്നാല്‍, ഓരോ സംവിധായകരുടെ ചിത്രത്തിലും വ്യത്യസ്തമായ ലാലിനെ പ്രേക്ഷകര്‍ക്ക് കാണാനാകുന്നു.

പത്മരാജന്‍റെ സിനിമകളില്‍ കണ്ട മോഹന്‍ലാലിനെ ഒരിക്കലും സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ കാണാറില്ല. സത്യന്‍റെ സിനിമകളിലെ ലാലിനെ സിബി മലയിലിന്‍റെ സിനിമകളിലും കാണാനാവില്ല. രഞ്ജിത്തിന്‍റെ സിനിമകളില്‍ മറ്റൊരു ലാല്‍. ജോഷിയുടെ സിനിമകളില്‍ മറ്റൊരാള്‍. മോഹന്‍ലാല്‍ വ്യത്യസ്തതയില്ലാതെ വ്യത്യസ്തനാകുകയാണ്. അതുകൊണ്ടാണ് മോഹന്‍ലാലിന് മലയാളികള്‍ സ്വന്തം ഹൃദയത്തില്‍ എന്നും ഇടം കൊടുക്കുന്നത്.

കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, മോഹന്‍ലാലിന്‍റെ സിനിമകളില്‍ ലാല്‍ എന്ന നടനെ കാണുക അപൂര്‍വമാണ്. കഥാപാത്രങ്ങളായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളൂ. കിരീടത്തിലെ സേതുമാധവനില്‍ ഒരു ശതമാനം പോലും ലാലിന്‍റെ മാനറിസങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയില്ല. ദേവാസുരത്തില്‍ അയാള്‍ മംഗലശ്ശേരി നീലകണ്ഠനാണ്. പാദമുദ്രയില്‍ അയാള്‍ മാതുപ്പണ്ടാരം. ‘ചിത്ര’ത്തില്‍ സാഹചര്യങ്ങളുടെ ചതിക്കുഴിയില്‍ അകപ്പെട്ടുപോയ പാവം വിഷ്ണു.

കഥാപാത്രങ്ങളിലൂടെയാണ് അയാള്‍ പ്രേക്ഷകരില്‍ ജീവിക്കുന്നത്. തബല അയ്യപ്പനില്‍ നിന്ന് ഭരത്ഗോപിയെ വേര്‍തിരിച്ചെടുക്കാനാവാത്തതു പോലെ, ലാല്‍ അതവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് മോഹന്‍ലാലിലെ ഒരിക്കലും കണ്ടെടുക്കാനാവില്ല. വാനപ്രസ്ഥത്തിലെ കഥകളിക്കാരന്‍ കലാമണ്ഡലം ഗോപിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ലാലിന്‍റെ ജന്‍‌മസിദ്ധമായ കഴിവിനുള്ള അംഗീകാരമാണ്.

മണിരത്നവും സിബി മലയിലും സത്യന്‍ അന്തിക്കാടും ഫാസിലുമൊക്കെ ലാലിന്‍റെ അഭിനയത്തികവിനു മുന്നില്‍ ‘കട്ട്’ പറയാന്‍ മറന്ന നിമിഷങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. കിരീടത്തിന്‍റെ ക്ലൈമാക്സില്‍ കീരിക്കാടനെ കുത്തിമലര്‍ത്തിയിട്ടുള്ള ആ നില്‍പ്പ്, ചന്ദ്രലേഖയിലെ ആ പ്രശസ്തമായ ചിരി, ഭരതത്തില്‍ അഗ്നിക്കു നടുവിലിരുന്നുള്ള ആ പാട്ട്, ഉത്സവപ്പിറ്റേന്നില്‍ കുട്ടികളുടെ മുമ്പിലെ ആ ആത്മഹത്യ - മോഹന്‍ലാല്‍ സൃഷ്ടിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരായിരമെങ്കിലും ഓരോ നിമിഷവും പ്രേക്ഷകന്‍റെ ഉള്ളിലേക്ക് തള്ളിക്കയറിവരുന്നു.

മോഹന്‍ലാല്‍ അഭിനയിക്കുവാന്‍ വേണ്ടി അഭിനയിക്കുന്നതാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരു കഥാപാത്രമാകുമ്പോള്‍ അയാള്‍ ആ കഥാപാത്രം മാത്രമാണ്. മഹാസമുദ്രത്തില്‍ അയാള്‍ ഇസഹാഖ് എന്ന കഥാപാത്രമായി മാറിയതുകൊണ്ടാണ് നടുക്കടലിലേക്ക് ഡ്യൂപ്പുപോലുമില്ലാതെ എടുത്തുചാടിയത്. സദയത്തില്‍ കുട്ടികളെ കൊലപ്പെടുത്തുന്ന അയാളുടെ കണ്ണുകളിലെ വന്യമായ തിളക്കം ആ കഥാപാത്രത്തിന്‍റേത് മാത്രമാണ്. ആക്ഷനും കട്ടിനുമിടയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലാതാകുകയും കഥാപാത്രം മാത്രം ജീവിക്കുകയും ചെയ്യുന്നു.

കഥാപാത്രത്തെ പ്രണയിക്കുന്നതുകൊണ്ടാണ് മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാകുന്നത്. കമലദളത്തിലെ നന്ദഗോപാലന്‍ മാഷായി നൃത്തമാടാന്‍ അല്ലെങ്കില്‍ ലാലിന് കഴിയില്ല. കഥാപാത്രത്തെ മാത്രമല്ല, മോഹിപ്പിക്കുന്ന എന്തിനെയും അയാള്‍ പ്രണയിക്കുന്നു. പത്മരാജന്‍ എന്ന സംവിധായകനോട് ലാലിന് പ്രണയമായിരുന്നു. പത്മരാജന്‍റെ സെറ്റില്‍ അദ്ദേഹം പത്മരാജനെപ്പോലെ തന്നെ പെരുമാറിയിരുന്നു. ചിലപ്പോഴൊക്കെ ലാല്‍ പത്മരാജനായി മാറിയിരുന്നു. പത്മരാജന്‍റെ സ്വഭാവ സവിശേഷതകള്‍ ആവാഹിച്ച പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ സിദ്ദാര്‍ത്ഥന്‍ എന്ന സംവിധായകനായി ലാല്‍ നടിക്കുന്നത് കാണുമ്പോള്‍ പത്മരാജനെ അറിയാതെ സ്മരിച്ചുപോയിട്ടുണ്ട്. ആ നടനവൈഭവത്തിന്‍റെ കാന്തി ദിനം‌പ്രതി ഏറുന്നത് കണ്ട് വിസ്മയത്തോടെ, ആദരത്തോടെ മാറിനില്‍ക്കുന്നു. ഇനി ഒരായിരം ചിത്രങ്ങളില്‍ ആ അത്ഭുതസാന്നിധ്യം പ്രതീക്ഷിക്കുകയാണ് ഓരോ മലയാളിയും.

എം ജി രവിശങ്കരന്‍ -weblokam.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments