മോഹന്‍ലാലിന്‍റെ ‘പ്രണവം ആര്‍ട്സ്’ സജീവമാകുന്നു

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ നിര്‍മ്മാണക്കമ്പനിയായ പ്രണവം ആര്‍ട്സ് വീണ്ടും നിര്‍മ്മാണരംഗത്ത് സജീവമാകുന്നു. വര്‍ഷങ്ങളായി ചലച്ചിത്രനിര്‍മ്മാണം നിര്‍ത്തിവച്ചിരുന്ന പ്രണവം പുനരുജ്ജീവിപ്പിക്കാന്‍ അടുത്തിടെയാണ് മോഹന്‍ലാല്‍ തീരുമാനിച്ചത്. പ്രണവത്തിന്‍റെ ബാനറില്‍ ആദ്യം നിര്‍മ്മിക്കുന്ന ചിത്രം മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ ആണ്.

ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, മിഥുനം, പിന്‍‌ഗാമി, കാലാപാനി, കന്‍‌മദം, ഹരികൃഷ്ണന്‍സ്, വാനപ്രസ്ഥം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പ്രണവത്തിന്‍റെ ബാനറില്‍ നിര്‍മ്മിച്ചത്. കാലാപാനി, വാനപ്രസ്ഥം എന്നീ സിനിമകള്‍ക്ക് വന്‍ മുതല്‍‌മുടക്ക് വേണ്ടി വരികയും എന്നാല്‍ ഇവ വേണ്ടത്ര കളക്ഷന്‍ നേടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രണവം ആര്‍ട്സിന്‍റെ പ്രവര്‍ത്തനം അവസാനിച്ചത്.

അതിന് ശേഷം മോഹന്‍ലാലിന്‍റെ സഹായത്തോടെയാണ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസിന് തുടക്കമിട്ടത്. ആശീര്‍വാദ് ഒട്ടേറെ വിജയചിത്രങ്ങള്‍ ചെയ്ത സാഹചര്യത്തിലാണ് പ്രണവം ആര്‍ട്സ് സജീവമാക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.

കാലാമൂല്യവും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളായിരുന്നു പ്രണവത്തിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ചിരുന്നത്. ഇവയില്‍ ഭരതം, വാനപ്രസ്ഥം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങളും ലാലിനെ തേടിയെത്തി. കാണ്ഡഹാറിന് ശേഷം സിബി മലയില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകള്‍ പ്രണവം ആര്‍ട്സ് നിര്‍മ്മിക്കും. കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍, സൂര്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Source:webdunia.com

Popular Posts