താനും മമ്മൂട്ടിയും തിലകനോടൊപ്പം ഇനിയും അഭിനയിക്കുമെന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തിലകനെ പോയി കാണാന്‍ താന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
“പ്രശ്നപരിഹാരത്തിനായി തിലകനെ പോയി കാണാന്‍ തയ്യാറാണ്. അദ്ദേഹവുമൊത്ത് മമ്മൂട്ടിയും ഞാനും ഇനിയും മലയാള സിനിമയില്‍ അഭിനയിക്കും. ഞങ്ങളോടൊപ്പം അഭിനയിക്കാന്‍ മടി കാണിക്കുന്നത് തിലകന്‍ ചേട്ടനാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതിന് സുകുമാര്‍ അഴീക്കോടിന്‍റെ മധ്യസ്ഥത ആവശ്യമില്ല” - മോഹന്‍ലാല്‍ പറഞ്ഞു.
‘തിലകന്‍ പ്രശ്നം’ ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്ന് ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്ന് അഴീക്കോടിനോട് പറഞ്ഞിട്ടില്ലെന്ന് ലാല്‍ പറഞ്ഞു. “ഞാനും മമ്മൂട്ടിയും തിലകനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദുബായില്‍ നിന്ന് വിളിച്ചു പറഞ്ഞു എന്നാണ് സുകുമാര്‍ അഴീക്കോട് പറയുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ഇപ്പോള്‍ ഷൂട്ടിംഗിലാണ്. പിന്നെ എങ്ങനെ ദുബായില്‍ നിന്ന് വിളിക്കും? അദ്ദേഹത്തിന് എന്ത് ‘ഹാലൂസിനേഷന്‍’ ആണ് ഉണ്ടാകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല” - മോഹന്‍ലാല്‍ പറഞ്ഞു.
“ഞാന്‍ അഴീക്കോടിനെ ഫോണില്‍ വിളിച്ചിരുന്നു. അത് സത്യമാണ്. എന്‍റെ മേല്‍ ആവശ്യമില്ലാതെ കുതിര കയറുന്നതെന്തിനാണ് എന്ന് ചോദിക്കാനാണ് വിളിച്ചത്. ഞാന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നു. അതില്‍ അഴീക്കോടിന് എന്താണ് പ്രശ്നം. അയാളുടെയും എന്‍റെയും മേഖല ഒന്നല്ലല്ലോ. പിന്നെന്താണ് കുഴപ്പം?” - യൂണിവേഴ്സല്‍ സ്റ്റാര്‍ ചോദിക്കുന്നു.
“തിലകനുമായുള്ള പ്രശ്നം താരസംഘടനയായ അമ്മയുടെ പ്രശ്നം കൂടിയാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് അഴീക്കോടിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. അയാള്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വയസായ അമ്മാവന്‍ പറയുന്ന ഫലിതമായി എടുക്കുന്നു” - മോഹന്‍ലാല്‍ അറിയിച്ചു.
തിലകനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ച് അറിയിച്ചതായി സുകുമാര്‍ അഴീക്കോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോഹന്‍ലാല്‍ ഇപ്പോല്‍ രംഗത്തെത്തിയിരിക്കുന്നത്. ലാല്‍ ഇപ്പോള്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ അഴീക്കോട് തയ്യാറായില്ല.
Source: webdunia.com