തമിഴ് സൂപ്പര്‍താരം സൂര്യ മലയാളത്തില്‍ അഭിനയിക്കുന്നു. സ്വപ്നതുല്യമായ ഒരു സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള സൂര്യയുടെ അരങ്ങേറ്റം. മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ മകനായാണ് സൂര്യ അഭിനയിക്കുന്നത്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ഒപ്പമുണ്ട്.
കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ മേജര്‍ രവി പറഞ്ഞയുടന്‍ തന്നെ സൂര്യ ഡേറ്റ് നല്‍കുകയായിരുന്നു. വളരെ കുറച്ചു ദിവസങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി സൂര്യ അനുവദിച്ചിരിക്കുന്നത്. സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം കൊല്ലപ്പെടുന്നതായാണ് കഥ മേജര്‍ രവി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
മകന്‍ മരിച്ച പിതാവിന്‍റെ വേദന അമിതാഭ് ബച്ചന്‍ അനശ്വരമാക്കും. നാല് ദിവസത്തെ ഡേറ്റാണ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് ‘കാണ്ഡഹാര്‍’ ഒരുങ്ങുന്നത്.
മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ചിത്രം കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ ശബ്ദ സംയോജനം. അഫ്ഗാനിസ്ഥാന്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.