കലാരംഗത്ത് ആരോഗ്യപരമായ മത്സരമാകാമെന്നു നടന്‍ മോഹന്‍ലാല്‍. കേരള യൂണിവേഴ്സിറ്റി യുവജനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് യുവജനോത്സവങ്ങള്‍ ആവശ്യമാണെന്നും കലാരംഗത്ത് ആരോഗ്യകരമായ മത്സരങ്ങള്‍ വേണമെന്നും ലാല്‍ പറഞ്ഞത്.
സ്കൂള്‍, കോളജ് കലോത്സവങ്ങളെയും യുവജനോത്സവങ്ങളെയും സിനിമാലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മഞ്ജുവാര്യര്‍, കാവ്യാമാധവന്‍, അമ്പിളീദേവി, കെ.എസ് ചിത്ര, ജി. വേണുഗോപാല്‍ തുടങ്ങി ഒട്ടേറെപ്പേരെ യുവജനോത്സവങ്ങളാണ് കണ്ടെത്തി സിനിമാലോകത്തിന് നല്‍കിയത്.
എന്നാല്‍ പലപ്പോഴും സ്കൂള്‍, കോളജ് കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നത് കാണുന്നു. അനാരോഗ്യകരമായ മത്സരം പാടില്ല. ജീവിതത്തിന്റെ മനോഹരമായ കാലഘട്ടമാണ് കലാലയകാലം. നാടിന്റെ മണ്‍മറഞ്ഞുപോയ കലകള്‍ക്കു പുനര്‍ജീവന്‍ നല്‍കു ന്ന വേദികൂടിയായി യുവജനോത്സവങ്ങള്‍ മാറണം.
നാടിന്റെ സാംസ്കാരിക പൈതൃകത്തിന് മാറ്റുകൂട്ടുന്ന വേദികളാണ് കലോത്സവങ്ങള്‍. കലാലോകത്തിലേക്ക് വയലാര്‍ രാമവര്‍മ്മ, ഇരയിമ്മന്‍തമ്പി, എസ്‌എല്‍പുരം സദാനന്ദന്‍ തുടങ്ങി ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത മണ്ണാണ് ചേര്‍ത്തലയുടേതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ പറഞ്ഞ വാക്കുകളൊക്കെയും ആഹ്ലാദാരവങ്ങളോടെയാണ് കുട്ടികള്‍ വരവേറ്റത്. ഓരോ വാക്ക് മോഹന്‍ലാല്‍ പറയുമ്പോഴും ആരാധകര്‍ ജയ് വിളിക്കുന്നത് കാണാമായിരുന്നു. കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കെ. പ്രദീപ് അധ്യക്ഷനായിരുന്നു. ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ മുഖ്യപ്രഭാഷണം നടത്തി.