ആന്ധ്രാ ഗ്രാമങ്ങളില്‍ ലാലേട്ടന്‍റെ വേട്ട! - Mohanlal Fans Association

ആന്ധ്രാ ഗ്രാമങ്ങളില്‍ ലാലേട്ടന്‍റെ വേട്ട!

Share This


മോഹന്‍ലാല്‍ ആന്ധ്രാ ഗ്രാമങ്ങളില്‍ വേട്ടയ്ക്കിറങ്ങുന്നു. അതെ, മലയാളത്തിന്‍റെ മഹാനടന്‍ നായകനാകുന്ന ‘ശിക്കാര്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിലും വനങ്ങളിലുമാണ് ചിത്രീകരിക്കുക. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ 2010 മാര്‍ച്ച് 20ന് ചിത്രീകരണം ആരംഭിക്കുന്നു.

ആന്ധ്രാപ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ ഒരു മലയാള സിനിമ ചിത്രീകരിക്കുന്നത് ഇതാദ്യമാണ്. ലോറി ഡ്രൈവര്‍ ബലരാമന്‍ എന്ന കഥാപാത്രത്തെയാണ് ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഈറ്റക്കാടുകളാണ് കഥയുടെ പശ്ചാത്തലം. ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘര്‍ഷവും ഒരു അച്ഛന്‍റെയും മകളുടെയും അഗാധമായ ഹൃദയബന്ധവും ഈ സിനിമ പ്രമേയമാക്കുന്നു. അനന്യയാണ് മോഹന്‍ലാലിന്‍റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നത്.

എസ് സുരേഷ്ബാബുവിന്‍റേതാണ് ശിക്കാറിന്‍റെ തിരക്കഥ. മോഹന്‍ലാലും എം പത്മകുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെറ്റ്കോ ഗ്രൂപ്പിന്‍റെ ബാനറില്‍ രാജഗോപാലാണ് ശിക്കാര്‍ നിര്‍മ്മിക്കുന്നത്.

അനന്യയെക്കൂടാതെ പത്മപ്രിയയും ചിത്രത്തിലെ നായികയാണ്‌‍. മുകേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും വേഷമിടുന്നു. പൂയം‌കുട്ടി, അടിമാലി, തൂത്തുക്കുടി എന്നിവിടങ്ങളും ഈ സിനിമയുടെ ലൊക്കേഷനുകളാണ്.

ഗിരീഷ് പുത്തഞ്ചേരി - എം ജയചന്ദ്രന്‍ ടീമിന്‍റേതാണ് ശിക്കാറിന്‍റെ ഗാനങ്ങള്‍. അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം, പരുന്ത്, നൊസ്റ്റാള്‍ജിയ(കേരളാ കഫെ) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കുന്ന സിനിമയാണ് ശിക്കാര്‍.

ശിക്കാറിന് തിരക്കഥയെഴുതുന്ന എസ് സുരേഷ്ബാബു മുന്‍പ് ദാദാസാഹിബ്, താണ്ഡവം, സ്വര്‍ണം തുടങ്ങിയ സിനിമകളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.

Pages