ഉത്സവ സീസണുകളിലും മറ്റും കേരളത്തിലെ തിയേറ്ററുകളില്‍ അന്യഭാഷാചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് നിയന്ത്രിക്കാനായി കൂട്ടായ തീരുമാനമുണ്ടാകണമെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പുതിയ ചിത്രമായ 'ഇവിടം സ്വര്‍ഗമാണി'ന്റെ പ്രദര്‍ശനത്തിനുശേഷം നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
'അവതാര്‍' പോലുള്ള വിദേശചിത്രങ്ങള്‍ക്ക് ഉത്സവസീസണുകളില്‍ തിയേറ്റര്‍ കിട്ടുമ്പോള്‍ മലയാളചിത്രങ്ങളെയാണത് ബാധിക്കുന്നത്. ഇത്തരം റിലീസുകളുടെ കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണം. സൂപ്പര്‍താരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാണ് മലയാള സിനിമയുടെ പ്രതിസന്ധിയെന്ന് കരുതുന്നില്ല. നല്ല സിനിമകള്‍ ഉണ്ടാകാന്‍ മുതല്‍മുടക്കും കൂടും.നിലവാരത്തോടെ ചിത്രീകരിച്ചില്ലെങ്കില്‍ സിനിമ ഉദ്ദേശിച്ച രീതിയില്‍ സംവദിക്കില്ല. താന്‍ എത്ര കാശ് വാങ്ങണമെന്നത് എന്റെ മാത്രം തീരുമാനമാണ്. പലപ്പോഴും കാശ് വാങ്ങാതെ അഭിനയിച്ചതും അങ്ങനെതന്നെ. തങ്ങള്‍ക്കിണങ്ങുന്ന പ്രതിഫലം വാങ്ങുന്നവരെ സംവിധായകന് വിളിക്കാം - മോഹന്‍ലാല്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായതിനാലാണ് ഭൂമികച്ചവടത്തെ മുന്‍നിര്‍ത്തി 'ഇവിടം സ്വര്‍ഗമാണ്' ഒരുക്കിയതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഭൂമി ക്രയവിക്രയത്തിലെ കുരുക്കുകള്‍ സാധാരണക്കാരെ ബോധ്യപ്പെടുത്തുകയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ ശങ്കര്‍, നടി പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Source: frames.mathrubhumi.com