മലയാളത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്ഫടികം’ ഹിന്ദിയിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്യുന്നു. ഹിന്ദിയില്‍ സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് റീമേക്ക് ചെയ്യുന്നതെങ്കില്‍ കന്നഡയില്‍ സാധു കോകിലയാണ് റീമേക്കിനു പിന്നില്‍. ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട് ഭദ്രന്‍ ഇപ്പോള്‍ മുംബൈയിലാണ്.
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ആടു തോമയാകാന്‍ ഹിന്ദിയിലെ നമ്പര്‍ വണ്‍ താരങ്ങളെയാണ് ഭദ്രന്‍ പരിഗണിക്കുന്നത്. സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെ സമീപിച്ചതായി സൂചനയുണ്ട്. ഹിന്ദിക്ക് യോജിച്ച രീതിയില്‍ സ്ഫടികത്തിന്‍റെ തിരക്കഥ ഭദ്രന്‍ മാറ്റിയെഴുതിയിട്ടുണ്ട്.
കന്നഡയില്‍ ആടുതോമയാകുന്നത് സുദീപാണ്. ‘മിസ്റ്റര്‍ തീര്‍ത്ഥ’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ ശലോണിയാണ് നായിക. മലയാളത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തെയാണ് ശലോണി കന്നഡയില്‍ അവതരിപ്പിക്കുന്നത്.
‘വീരാപ്പ്’ എന്ന പേരില്‍ നേരത്തെ തമിഴില്‍ സ്ഫടികം റീമേക്ക് ചെയ്തിരുന്നു. സുന്ദര്‍ സി നായകനായ ആ ചിത്രത്തില്‍ ഗോപികയായിരുന്നു നായിക. എന്നാല്‍ സ്ഫടികം സൃഷ്ടിച്ച തരംഗം വീരാപ്പിന് ആവര്‍ത്തിക്കാനായില്ല. അതുകൊണ്ടുതന്നെ ഹിന്ദി, കന്നഡ റീമേക്കുകളുടെ ബോക്സോഫീസ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
1995ല്‍ പുറത്തിറങ്ങിയ ‘സ്ഫടികം’ മോഹന്‍ലാലിന് ഒരു പുതിയ ഇമേജ് സമ്മാനിച്ച ചിത്രമാണ്. തിലകന്‍, സില്‍ക്ക് സ്മിത, ഉര്‍വ്വശി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ആ ചിത്രത്തില്‍ ‘കുറ്റിക്കാടന്‍’ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന നടന്‍ ഇപ്പോള്‍ ‘സ്ഫടികം ജോര്‍ജ്ജ്’ എന്നാണ് അറിയപ്പെടുന്നത്.
സ്ഫടികം സംവിധാനം ചെയ്ത ഭദ്രനാകട്ടെ ഇപ്പോള്‍ മലയാളത്തില്‍ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. 2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് അദ്ദേഹം അവസാനം ചെയ്ത സിനിമ. മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തെങ്കിലും അത് നടന്നില്ല. ശക്തമായ ഒരു തിരിച്ചുവരവിനായി ശ്രമിക്കുന്ന ഭദ്രനെ സ്ഫടികത്തിന്‍റെ ഹിന്ദി റീമേക്ക് രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.
Source: webdunia.com
