യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പണം ആവശ്യമില്ലെന്ന് അമിതാഭ് ബച്ചന്‍. ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ തനിക്ക് ഒരു ബഹുമതിയാണെന്നും ബിഗ്ബി. തന്‍റെ ബ്ലോഗിലെ പുതിയ പോസ്റ്റിലാണ് അദ്ദേഹം മോഹന്‍ലാലിനോടുള്ള ആദരവ് ഇങ്ങനെ വ്യക്തമാക്കുന്നത്.
“കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചതിന് ശേഷം ഡേറ്റും പ്രതിഫലക്കാര്യങ്ങളും തീരുമാനിക്കാന്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും എന്‍റെയടുത്തു വന്നു. മൂന്നു ദിവസത്തെ ഡേറ്റിന് പണമോ? അതും മോഹന്‍ലാലിനെപ്പോലെ ഒരു നടനോടൊപ്പം? അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതു തന്നെ ഒരു ബഹുമതിയാണ്.” - അമിതാഭ് ബച്ചന്‍ പറയുന്നു.
“പണം വേണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. അവര്‍ക്കു വീട്ടില്‍ ഉണ്ടാക്കിയ ചായ കുടിക്കാന്‍ കൊടുത്തു. ഷേക്‍ഹാന്‍ഡും നല്‍കി.” - കാണ്ഡഹാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിലേക്കുള്ള ബിഗ്ബിയുടെ വരവ് ഇങ്ങനെയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാലെന്ന് അമിതാഭ് ബച്ചന്‍ എഴുതുന്നു. ഊട്ടിയിലായിരിക്കും അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. ഹിന്ദിയിലെ മറ്റൊരു സൂപ്പര്‍താരം സുനില്‍ ഷെട്ടി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹായിയായി വേഷമിടുന്നുണ്ട്.
source:webdunia.com