ശിക്കാര്‍ - മോഹന്‍ലാലിന്‍റെ തിരിച്ചുവരവ് - Mohanlal Fans Association

ശിക്കാര്‍ - മോഹന്‍ലാലിന്‍റെ തിരിച്ചുവരവ്

Share This
 
ഇതൊരു മറുപടിയാണ്. വിമര്‍ശകര്‍ക്കും കല്ലെറിഞ്ഞവര്‍ക്കുമുള്ള മഹാനടന്‍റെ മറുപടി. ‘ശിക്കാര്‍’ എന്ന സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രമാണ്. ഈറ്റക്കാടിന്‍റെ കരുത്തും വന്യതയും ഉള്ളിലാവാഹിച്ച ബലരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടുന്നു. ശിക്കാര്‍ തിയേറ്ററുകളെ ഉത്സവത്തിമര്‍പ്പിലാക്കുന്നു.

ഏറെക്കാലത്തിന് ശേഷം മലയാള സിനിമാലോകത്തിന് ഉണര്‍വ്വ് സമ്മാനിക്കുകയാണ് ശിക്കാര്‍. റിലീസായ എല്ലാ കേന്ദ്രങ്ങളിലും ഹൌസ്ഫുള്‍. ആയിരക്കണക്കിന് പ്രേക്ഷകര്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്ന കാഴ്ച. തിയേറ്ററുകള്‍ക്ക് മുന്നില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്ന പൊലീസുകാര്‍. സിനിമ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഒരേയൊരു അഭിപ്രായം - തകര്‍പ്പന്‍ സിനിമ!

ഒരു പ്രതികാര കഥയാണ് ശിക്കാറിലൂടെ എം പത്‌മകുമാര്‍ പറയുന്നത്. ഓരോ സീനിലും സംഘര്‍ഷം നിറഞ്ഞുനില്‍ക്കുന്ന അനുഭവം. അടുത്ത രംഗത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ വളര്‍ത്തുന്ന ആഖ്യാനം. തിരക്കഥാകൃത്ത് എന്ന നിലയില്‍ എസ് സുരേഷ്ബാബുവിന്‍റെ അവിശ്വസനീയമായ കൃത്യത. എല്ലാത്തിലുമുപരിയായി മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയപ്രകടനം.

ഒരു ഇര എങ്ങനെ വേട്ടക്കാരനായി മാറുന്നു എന്നാണ് ‘ശിക്കാര്‍’ പറയുന്നത്. മറ്റു പോം‌വഴികളില്ലാതെ ആയുധമെടുക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ അലകടല്‍ പോലുള്ള മനസ്. ആദ്യപകുതിയിലെ ലാഘവത്വം രണ്ടാം പകുതിയില്‍ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്ക് വഴിമാറുന്നു. ഒന്നുറപ്പിച്ചുപറയാം, ഇതിലെ മോഹന്‍ലാലിനെ മറ്റൊരു സിനിമയിലും പ്രേക്ഷകര്‍ മുമ്പു കണ്ടിട്ടില്ല. ഇത്രയും സാഹസികമായ രംഗങ്ങള്‍ മലയാളത്തില്‍ മറ്റൊരു സിനിമയിലും വന്നിട്ടുമില്ല.

ആരാണ് ബലരാമന്‍ എന്ന ചോദ്യമാണ് ശിക്കാറിന്‍റെ സസ്‌പെന്‍സ്. അത് വെളിവാകുന്നതും ക്ലൈമാക്സ് രംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചുമാത്രം കണ്ടിരിക്കാവുന്ന കാഴ്ചകള്‍. സസ്പെന്‍സ് വെളിപ്പെടുത്തിയാല്‍ ഒരു കുമിളപോലെ തകര്‍ന്നുപോകുന്ന സിനിമയൊന്നുമല്ല ശിക്കാര്‍. എങ്കിലും ആ സസ്പെന്‍സ് ഒളിച്ചുവയ്ക്കുന്നതില്‍ ഒരു ത്രില്ലുണ്ട്. ശിക്കാര്‍ കണ്ട് അറിയേണ്ട പടമാണ്.


മലയാള സിനിമയ്ക്ക് അപരിചിതമായ ലൊക്കേഷനുകളാണ് ഈ സിനിമയുടെ പ്രത്യേകത. മനോജ് പിള്ളയുടെ ക്യാമറ ലൊക്കേഷനുകളുടെ നിഗൂഢഭാവത്തെ വശ്യമായി ഒപ്പിയെടുത്തിരിക്കുന്നു. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും നല്ലതാണ്. ‘പിന്നെ എന്നോടൊന്നും പറയാതെ...’ എന്ന ഗാനം അടുത്തകാലത്തുകേട്ട ഏറ്റവും മികച്ച സാഡ് സോംഗാണ്. ‘എന്തെടീ എന്തെടീ...’ എന്ന ഫാസ്റ്റ് മെലഡിയും കേള്‍‌വിസുഖമുള്ളതാണ്. അതിന്‍റെ ചിത്രീകരണവും മികച്ചതാണ്. ‘ചെമ്പകമേ...’ എന്ന അടിപൊളിഗാനം നല്ലതെങ്കിലും അതിന്‍റെ വിഷ്വലൈസേഷന്‍ കണ്ടുമടുത്ത രീതിയിലുള്ളതാണ്.

ഓരോ നോക്കിലും ചലനത്തിലും ബലരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മാറിയിരിക്കുന്നു. അഭിനയത്തിന്‍റെ പൂര്‍ണതയെന്നോ ലാലിനല്ലാതെ മറ്റൊരാള്‍ക്കും ഇതിനപ്പുറം പോകാനാവില്ലെന്നോ ഉറപ്പിക്കുന്ന അനവധി മുഹൂര്‍ത്തങ്ങളുണ്ട് ചിത്രത്തില്‍. സ്നേഹയുമൊത്തുള്ള രംഗങ്ങളും അനന്യയുമായുള്ള ബന്ധവുമൊക്കെ മോഹന്‍ലാലിന്‍റെ അഭിനയമികവിനാല്‍ അസാധാരണമാം വിധം മികച്ചുനിന്നു. മാണിക്യം മൈഥിലി, കൈലാഷ്, ലാലു അലക്സ് തുടങ്ങിയവര്‍ അവരുടെ രംഗങ്ങള്‍ മികച്ചതാക്കി. ജഗതിക്കോ സുരാജ് വെഞ്ഞാറമ്മൂടിനോ തിളങ്ങാനായില്ല. എന്നാല്‍ അനന്യയുടെ അഭിനയ പാടവത്തെയും ഗംഗ എന്ന കഥാപാത്രത്തിനായുള്ള സമര്‍പ്പണത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സമുദ്രക്കനിയാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി ശിക്കാറിലെ മറ്റൊരു സാന്നിധ്യം.

പരുന്തിന്‍റെ ക്ഷീണം സംവിധായകന്‍ എം പത്മകുമാര്‍ ശിക്കാറിലൂടെ തീര്‍ത്തിരിക്കുന്നു. ജോഷിയുടെ ഫ്രെയിമുകളെ ഓര്‍മ്മിപ്പിക്കുമെങ്കിലും വലിയ ക്യാന്‍‌വാസില്‍ പടമൊരുക്കാനുള്ള കഴിവ് പത്മകുമാര്‍ ആര്‍ജ്ജിച്ചിരിക്കുന്നു. എന്തായാലും റംസാന്‍ കാലം ഒരു ഉഗ്രന്‍ ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് പത്മകുമാറും മോഹന്‍ലാലും.

source: രവിഷങ്കരന്‍ webdunia.com

Pages