കേരളത്തിന്‍റെ മൂന്നു ഭാഗങ്ങളില്‍ നിന്നെത്തിയ മൂന്ന് പുരുഷ കേസരികള്‍. ഗോവയിലെ ‘ചൈനാ ടൌണി’ലാണ് അവര്‍ ഒത്തുചേരുന്നത്. ചൈനക്കാരുടെ ഒരു കോളനിയായിരുന്നു അത്. കഞ്ചാവും തോക്കും ഗുണ്ടകളും ചൂതാട്ടക്കാരും മാഫിയയുമൊക്കെ ഭരിക്കുന്ന ഒരു പ്രദേശം. എന്തായാലും, നമ്മുടെ മൂന്നു പരാക്രമികള്‍ അവിടെയെത്തിയതോടെ ചിത്രമാകെ മാറി. ചിരിയുടെ ഒരു മാലപ്പടക്കത്തിന് അവിടെ തിരി കൊളുത്തപ്പെടുകയായിരുന്നു.
മോഹന്‍ലാല്‍, ദിലീപ്, ജയറാം - നര്‍മ്മമുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അഗ്രഗണ്യരായ ഈ മൂന്നു താരങ്ങളും ‘ചൈനാ ടൌണ്‍’ എന്ന ചിത്രത്തില്‍ ഒന്നിക്കുകയാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൌണ്‍ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
മൂന്നു നായികമാരാണ് ഈ സിനിമയിലുള്ളത്. ഇതില്‍ ദിലീപിന്‍റെ നായികയായി കാവ്യാ മാധവനെ നിശ്ചയിച്ചിട്ടുണ്ട്. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ചൈനാ ടൌണ്‍ ഗോവയിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരിക്കും. നവംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2011ല്‍ മോഹന്‍ലാലിന്‍റെ വിഷുച്ചിത്രമായിരിക്കും.
പഞ്ചാബി ഹൌസുപോലെ ഒരു മുഴുനീള ചിരിപ്പടമായിരിക്കും ചൈനാ ടൌണെന്ന് റാഫിയും മെക്കാര്‍ട്ടിനും പറയുന്നു. ഇവരുടെ കഴിഞ്ഞ ചിത്രമായ ‘ലൌ ഇന്‍ സിംഗപ്പോര്‍’ ബോക്സോഫീസില്‍ കനത്ത പരാജയമായിരുന്നു.