അലക്സാണ്ടര്‍ ദി ഗ്രേറ്റ് രസകരം - Mohanlal Fans Association

അലക്സാണ്ടര്‍ ദി ഗ്രേറ്റ് രസകരം

Share This
അലക്സാണ്ടര്‍ ദി ഗ്രേറ്റ് മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നല്ല. ഇതിന്‍റെ കഥ ആരും കേട്ടിട്ടില്ലാത്തതുമല്ല. എന്നാല്‍ ഈ സിനിമയെക്കുറിച്ചുള്ള കേട്ടറിവുകളില്‍ ഉണ്ടായ മുന്‍‌വിധിയെ തകര്‍ത്തുകളഞ്ഞു സിനിമയുടെ ആഖ്യാനം. കാണികളെ എന്‍റര്‍ടെയ്ന്‍ ചെയ്യുക എന്ന മിനിമം കടമ നിര്‍വഹിക്കുന്നതില്‍ അലക്സാണ്ടര്‍ വിജയമാണ്. മനസ് ഫ്രീയാക്കി, രസകരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ്.

പ്രതാപവര്‍മ എന്ന ദുബായ് ബേസ്ഡ് ബിസിനസ് രാജാവിന്‍റെ മരണമാണ് കഥയുടെ തുടക്കം. വര്‍മ മരിച്ചതോടെ കോടികള്‍ വരുന്ന അയാളുടെ സമ്പത്തിനായി ബന്ധുക്കള്‍ രംഗത്തെത്തുന്നു. വര്‍മയുടെ മകന്‍ മനു(ബാല)വാണ് അന്തമില്ലാത്ത ആ സ്വത്തിനെല്ലാം അവകാശിയെന്ന് കരുതിയിരുന്നവര്‍ക്ക് ഒരു ഷോക്കിംഗ് ന്യൂസാണ് കേള്‍ക്കേണ്ടിവന്നത്. വര്‍മ കോര്‍പറേറ്റ്സ് എന്ന ബിസിനസ് സാമ്രാജ്യവും മറ്റ് സ്വത്തുക്കളും വര്‍മ മറ്റൊരാളുടെ പേരില്‍ എഴുതിവച്ചിരിക്കുകയാണ്. ഏതോ ഒരു അലക്സാണ്ടര്‍ വര്‍മ!

അയാള്‍ ആരാണെന്നുള്ള അന്വേഷണം നമ്മുടെ നായകനിലേക്കെത്തുകയാണ്. കുട്ടിത്തമുള്ള, എന്നാല്‍ വലിയകാര്യങ്ങള്‍ ചിന്തിക്കുന്ന, നിഷ്കളങ്കനായ, എന്നാല്‍ ബുദ്ധിമാനായ ആ കഥാപാത്രമായി സാക്ഷാല്‍ മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയുന്നു.

അലക്സാണ്ടര്‍ വര്‍മ പിന്നീട് നടത്തുന്ന നീക്കങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ശത്രുക്കള്‍ ഏറുമ്പോഴും അയാള്‍ കളിക്കുകയാണ്. അലക്സാണ്ടറുടെ മൈന്‍ഡ് ഗെയിമുകള്‍ മറ്റുള്ളവര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു.

രാജമാണിക്യം, ഹലോ, ഫ്ലാഷ് തുടങ്ങിയ മുന്‍‌കാല ചിത്രങ്ങളുടെ ഓര്‍മ്മയുണര്‍ത്തും പലപ്പോഴും അലക്സാണ്ടര്‍ ദി ഗ്രേറ്റ്. എങ്കിലും വ്യക്ത്വിത്വമുള്ള ഒരു സിനിമയായി വേറിട്ടുനില്‍ക്കാന്‍ അതിനു കഴിയുന്നുണ്ട്. മനസില്‍ തട്ടുന്ന ചില മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ അപാരമായ മികവോടെ അവതരിപ്പിച്ചിരിക്കുന്നു.

‘വാണ്ടഡ്’ എന്ന തന്‍റെ ആദ്യചിത്രത്തില്‍ നിന്ന് സംവിധായകന്‍ എന്ന നിലയില്‍ ഏറെ മുന്നേറിയ ഒരു മുരളി നാഗവള്ളിയെയാണ് ഈ സിനിമയില്‍ കാണാനാവുക. എങ്കിലും നല്ല ഒരു തിരക്കഥയുടെ അഭാവം ചില രംഗങ്ങളില്‍ ലാഗ് അനുഭവിപ്പിക്കുന്നു.

മോഹന്‍ലാല്‍ തനിക്ക് ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കി. ബാലയും ബാലയുടെ നായികയായി വരുന്ന മീനാക്ഷി ദീക്ഷിതും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. സിദ്ദിഖ്, ഗണേഷ്, നെടുമുടിവേണു എല്ലാം പതിവുപോലെ. എന്നാല്‍ ജഗദീഷിന്‍റെ കോമഡികള്‍ പലപ്പോഴും ചിരിക്കണോ കരയണോ എന്ന സങ്കീര്‍ണതയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു എന്ന് പറയാതെ വയ്യ.

വില്ലനായി ജോണ്‍ കൊക്കെന്‍ നന്നാ‍യി. എടുത്തുപറയേണ്ട ഒരുകാര്യം ബാലയുടെ അമ്മ ഗായത്രി എന്ന കഥാപാത്രമായി വേഷമിട്ട സുധാചന്ദ്രന്‍റെ പ്രകടനമാണ്. ഏറെക്കാലത്തിനു ശേഷമാണ് സുധാചന്ദ്രനെ സ്ക്രീനില്‍ കാണുന്നത്. തനിക്കു ലഭിച്ച വേഷം അനുഗ്രഹീതയായ ആ നടി ഗംഭീരമാക്കി.

പ്രേക്ഷകര്‍ക്ക് ബോറടിയില്ലാതെ ആസ്വദിക്കാവുന്ന ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ്. മോഹന്‍ലാലിന്‍റെ കുസൃതി നിറഞ്ഞ നേരമ്പോക്കുകള്‍ പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇടയ്ക്ക് നായകന്‍ നടത്തുന്ന ചില പ്രവചനങ്ങളൊക്കെ ഒഴിവാക്കാമായിരുനു എന്നു തോന്നി

source:webdunia.com

Pages