സമുദ്രക്കനിയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തമിഴ് സിനിമകള്‍ കാണുന്ന മലയാളികള്‍ക്കും സമുദ്രക്കനി സുപരിചിതനാണ്. സുബ്രഹ്‌മണ്യപുരം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തില്‍ ‘കനകന്‍’ എന്ന വില്ലനെ അവിസ്മരണീയമാക്കിയ സമുദ്രക്കനി പിന്നീട് നാടോടികള്‍ എന്ന സിനിമ സംവിധാനം ചെയ്തും ശ്രദ്ധേയനായി. ഇപ്പോള്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്, സമുദ്രക്കനി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് പറയാനാണ്.
മോഹന്‍ലാല്‍ നായകനാകുന്ന ‘ശിക്കാര്‍’ എന്ന ചിത്രത്തിലാണ് സമുദ്രക്കനി അഭിനയിക്കുന്നത്. അതും ചെറിയ വേഷമൊന്നുമല്ല. മോഹലാലിന്‍റെ വില്ലനായാണ് അദ്ദേഹത്തിന്‍റെ മലയാളത്തിലേക്കുള്ള പ്രവേശം. കോതമംഗലത്ത് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
എസ് സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്‌മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനിയുടെ നാടോടികളില്‍ നായികയായിരുന്ന അനന്യ ശിക്കാറില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിക്കുന്നു. നീലത്താമരയിലൂടെ പ്രശസ്തനായ കൈലാസും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ലോറി ഡ്രൈവറായ ബലരാമനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍. പകയുടെയും പ്രതികാരത്തിന്‍റെയും കഥയാണ് ശിക്കാര്‍. മോഹന്‍ലാലിനെ വിടാതെ പിന്തുടരുന്ന വില്ലനായാണ് സമുദ്രക്കനി അഭിനയിക്കുന്നത്. എം പത്‌മകുമാറിന്‍റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
നാടോടികള്‍ കൂടാതെ, ശംഭോ ശിവശംഭോ, നെറഞ്ച മനസ്, ഉന്നൈ ശരണടന്തേന്‍ എന്നീ സിനിമകളും സമുദ്രക്കനി സംവിധാനം ചെയ്തിട്ടുണ്ട്.
source:webdunia.com