ജനകന്‍: ഒരു ഗംഭീര സിനിമ


പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!അതേ, ‘ജനകന്‍’ പ്രേക്ഷകമനസുകള്‍ കീഴടക്കിയിരിക്കുന്നു. സമീപകാലത്തൊന്നും ഇത്രയും സസ്പെന്‍സ് നിറഞ്ഞ കഥയുള്ള, ചടുലമായ വിഷ്വലുകളുള്ള, ശക്തമായ ഡയലോഗുകളുള്ള ഒരു സിനിമ കണ്ടിട്ടില്ല. ചിത്രത്തിന്‍റെ സംവിധായകന്‍ എന്‍ ആര്‍ സഞ്ജീവിനൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ‘സിനിമ മോശമാണെങ്കില്‍ ഞാന്‍ കൂവും’ എന്ന് സഞ്ജീവിനോട് പറഞ്ഞിട്ടാണ് സ്ക്രീനിലേക്ക് മനസും മിഴികളും ഉറപ്പിച്ചത്.അത്ഭുതപ്പെട്ടു പോയി‍. ഇത്രയും ഷോക്കിംഗായ ഒരു സിനിമ എന്‍റെ ഓര്‍മ്മയില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. ജോഷി, ഷാജി കൈലാസ് എന്നിവരുടെ നിരയിലേക്ക് എന്‍ ആര്‍ സഞ്ജീവ് എന്ന നവാഗതന്‍ തന്‍റെ കസേര വലിച്ചിട്ടിരിക്കുന്നു. അമ്പതു സിനിമ സംവിധാനം ചെയ്ത പ്രഗത്ഭനായ ഒരു സംവിധായകന്‍റെ കൈത്തഴക്കമാണ് സഞ്ജീവ് ജനകനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പടം തീര്‍ന്നപ്പോള്‍ സഞ്ജീവിന്‍റെ ഇരു‌കൈകളും പിടിച്ചുകുലുക്കി ഞാന്‍ പറഞ്ഞു - “ഉജ്ജ്വലം!”മോഹന്‍ലാലും സുരേഷ്ഗോപിയും തകര്‍ത്തഭിനയിച്ചിരിക്കുന്ന ജനകനിലെ ഓരോ രംഗവും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. നിറമിഴികളോടെയാണ് വീട്ടമ്മമാര്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നതു കണ്ടത്. കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയുള്ള ഈ ത്രില്ലര്‍ മാസങ്ങളോളം തിയേറ്ററുകള്‍ നിറഞ്ഞോടും എന്ന് തീര്‍ച്ച. കഥയെക്കുറിച്ച്...തിരുവനന്തപുരം നഗരത്തിലേക്ക് മൂന്നു ക്രിമിനലുകള്‍ എത്തിയിരിക്കുന്നു എന്ന് പൊലീസിന് അറിയിപ്പു ലഭിക്കുന്നു. വിശ്വനാഥന്‍(സുരേഷ്ഗോപി), മോനായി(ബിജു മേനോന്‍), പഴനി(ഹരിശ്രീ അശോകന്‍) എന്നിവരാണവര്‍. നാടിനെ നടുക്കിയ മൂന്നു കൊലപാതകങ്ങള്‍ നടത്തിയവരാണവര്‍. പഴനിയെയും മോനായിയെയും വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞെങ്കിലും അവരെ വിശ്വനാഥന്‍ രക്ഷപെടുത്തുന്നു. മൂവര്‍ക്കും ഒരു ലക്‍ഷ്യമേയുള്ളൂ. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ സൂര്യനാരായണനെ കാണുക!
ആഭ്യന്തരമന്ത്രിയുടെയും കമ്മീഷണറുടെയും മക്കളുടെ സഹായത്തോടെ അവര്‍ സൂര്യനാരായണന്‍റെ വീട്ടിലെത്തുന്നു. സാക്ഷാല്‍ മോഹന്‍ലാലാണ് സൂര്യനാരായണനെ അവതരിപ്പിക്കുന്നത്(ഇത്രയും തലയെടുപ്പോടെ മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടിട്ട് കാലം കുറേയായി എന്നു പറയാതെ വയ്യല്ലോ). അവരുടെ പിന്നാലെ പൊലീസും എത്തുന്നു. സൂര്യനാരായണന്‍റെ മുന്നില്‍ അവര്‍ക്ക് തോറ്റു മടങ്ങേണ്ടി വന്നു.വിശ്വനാഥനും കൂട്ടരും തങ്ങളുടെ കഥ സൂര്യനാരായണനെ അറിയിക്കുന്നു. ‘വധശിക്ഷയില്‍ കുറഞ്ഞൊന്നും ഈ കേസില്‍ നിങ്ങള്‍ക്ക് ലഭിക്കില്ല’ എന്നാണ് സൂര്യനാരായണന്‍ പ്രതികരിക്കുന്നത്. എന്നാല്‍ ആ കൊലപാതകങ്ങള്‍ എന്തിനാണ് വിശ്വനാഥന്‍ ചെയ്തത് എന്നത് സൂര്യനാരായണനെ പിടിച്ചുകുലുക്കുന്നു. അയാള്‍ ആ കേസ് ഏറ്റെടുക്കുകയാണ്.സൂര്യനാരായണന്‍ ഏറ്റെടുത്ത ഒരു കേസും വിജയം കാണാതെ പോയിട്ടില്ല. പക്ഷേ ഇതങ്ങനെയായിരുന്നില്ല. ഈ കേസ് വിജയിക്കണമെങ്കില്‍ അസാധാരണമായ മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തിന് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.വിശ്വനാഥന്‍ എന്തിന് ആ കുറ്റകൃത്യം ചെയ്തു?വിശ്വനാഥന്‍ ഒരു സാധാരണ മനുഷ്യനാണ്. ഭാര്യ നിര്‍മ്മല(കാവേരി)യും മകള്‍ സീത(പ്രിയ)യുമാണ് അയാളുടെ ലോകം. മകളെ നഗരത്തില്‍ വിട്ടു പഠിപ്പിക്കുകയണ് ആ മാതാപിതാക്കള്‍. അവളെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവരുടെ മനസു നിറയെ. എല്ലാ വാരാന്ത്യങ്ങളിലും സീത അച്ഛന്‍റെയും അമ്മയുടെയും അടുക്കല്‍ ഓടിയെത്തും. എന്നാല്‍, ഒരു വാരാന്ത്യത്തില്‍ മാത്രം അവള്‍ എത്തിയില്ല.അവളെ അന്വേഷിച്ചു പായുകയായിരുന്നു വിശ്വം. ഒടുവില്‍ അവള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി വിവരം ലഭിച്ചു. അവരെത്തുമ്പോള്‍ മകള്‍ കോമാ അവസ്ഥയിലായിരുന്നു. പിന്നീട് അവള്‍ മരണത്തിന് കീഴടങ്ങി. ഞെട്ടലോടെയാണ് വിശ്വനാഥന്‍ ആ വിവരം അറിഞ്ഞത്. തന്‍റെ മകള്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായിരുന്നു!തന്‍റെ മകളെ കൊന്നവരെ വലയിലാക്കാന്‍ അയാള്‍ നിയമത്തിന്‍റെ വാതിലില്‍ മുട്ടി. പക്ഷേ, എല്ലാ പീഡനക്കേസുകളും പോലെ ഇതും തേഞ്ഞുമാഞ്ഞു പോയി. പക്ഷേ, തന്‍റെ മകളെ കൊന്നവരോടുള്ള പക ആ അച്ഛന്‍റെ മനസില്‍ എരിഞ്ഞു. അവരെ ശിക്ഷിക്കാന്‍ അയാള്‍ നേരിട്ട് രംഗത്തിറങ്ങി.ക്ലൈമാക്സ്അത്യുജ്ജ്വലമായ ക്ലൈമാക്സാണ് ജനകന്‍റെ ഏറ്റവും വലിയ സവിശേഷത. കോടതിമുറികളും സാക്ഷിക്കൂടുകളുമൊന്നുമില്ല. സൂര്യനാരായണന്‍ എന്ന അഭിഭാഷകന്‍ അയാളുടെ ബുദ്ധിവൈഭവത്താല്‍ കേസിന്‍റെ തുമ്പുകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്. അവസാന ഇരുപതു മിനിറ്റില്‍ മോഹന്‍ലാല്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവച്ചിരിക്കുന്നത്. ലാല്‍ അതിഥി വേഷത്തിലാണെത്തുന്നതെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അങ്ങനെയല്ല. ചിത്രത്തിന്‍റെ രണ്ടാമത്തെ രംഗം മുതല്‍ മോഹന്‍ലാലുണ്ട്. രണ്ടാം പകുതിയില്‍ ലാലിന്‍റെ പ്രകടനം നിറഞ്ഞു നില്‍ക്കുകയാണ്.
സംഗീതം, പശ്ചാത്തല സംഗീതം“ഒളിച്ചിരുന്നേ...ഒന്നിച്ചൊളിച്ചിരുന്നേ..” എന്ന ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനത്തിന്‍റെ വിഷ്വലൈസേഷന്‍ മനോഹരമാണ്. രാജാമണിയാണ് റീ റെക്കോര്‍ഡിംഗ്. പശ്ചാത്തല സംഗീതത്തിന്‍റെ കാര്യം എടുത്തു പറയണം. ഒരു ‘എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറി’ന് അനുഗുണമായ പശ്ചാത്തല സംഗീതമാണ് നല്‍കിയിരിക്കുന്നത്. ക്ലൈമാക്സിലും വിശ്വനാഥന്‍ പ്രതികാരം തീര്‍ക്കുന്ന സീനുകളിലും ബാക്‍ഗ്രൌണ്ട് സ്കോര്‍ മികച്ചുനിന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കറാണ്. ഒരു ആക്ഷന്‍ ത്രില്ലറിന് യോജിച്ച ക്യാമറാ ചലനങ്ങളാണ് സഞ്ജീവ് ശങ്കര്‍ നല്‍കിയിരിക്കുന്നത്.അഭിനയംസുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്‍റെയും അഭിനയപ്രകടനം ഈ സിനിമയുടെ വിജയത്തിന് ഏറെ സഹായിച്ചിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ട, പ്രതികാരദാഹിയായ അച്ഛനായി സുരേഷ്ഗോപി ജീവിക്കുകയാണ്. ഇന്നലെ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ മലയാളികള്‍ കണ്ട സുരേഷ്ഗോപിയെ ഓര്‍മ്മ വന്നു ഈ ചിത്രത്തിലെ വിശ്വനാഥന്‍റെ ഭാവവ്യതിയാനങ്ങള്‍ കണ്ടപ്പോള്‍. തമാശകള്‍ പറയുന്ന, എന്നാല്‍ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന ബുദ്ധിരാക്ഷസനായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങി.വില്ലനായി തമിഴ് നടന്‍ സമ്പത്ത് ഗംഭീരമായി. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി, ശിവജി ഗുരുവായൂര്‍, രജിത് മേനോന്‍, വിജയരാഘവന്‍, വിജയകുമാര്‍, ഗണേഷ്കുമാര്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സുരേഷ്ഗോപിയുടെ മകളായെത്തുന്ന പുതുമുഖം പ്രിയ ഭാവിവാഗ്ദാനമാണ്.തിരക്കഥ - എസ് എന്‍ സ്വാമിസി ബി ഐ തിരക്കഥകളുടെ ഉസ്താദായ എസ് എന്‍ സ്വാമിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് ജനകന്‍. കഥയുടെ ത്രില്‍ ഒരു നിമിഷം പോലും ചോര്‍ന്നു പോകാതെ ഇഴയടുപ്പത്തോടെയുള്ള തിരക്കഥയാണ് ഈ സിനിമയുടെ ജീവന്‍. കുറ്റാന്വേഷണവും കുരുക്കഴിക്കലുമൊക്കെയായി ഒരു ത്രില്ലിംഗ് ഗെയിം തന്നെയാണ് സ്വാമി നടത്തിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ A Brain Bank Story!മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ്‌ലാബാണ് ജനകന്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരളത്തില്‍ എഴുപത് തിയേറ്ററുകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈയില്‍ വെള്ളിയാഴ്ച നാലു തിയേറ്ററുകളില്‍ ജനകന്‍ പ്രദര്‍ശനത്തിനെത്തും.സിനിമ കഴിഞ്ഞപ്പോള്‍ സഞ്ജീവ് ഈ ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. മോഹന്‍ലാല്‍ എങ്ങനെ ഈ സിനിമയില്‍ ലാന്‍ഡ് ചെയ്തെന്നും, ആഗതന്‍റെ ഷൂട്ടിംഗിന് ബിജുമേനോനെ വിട്ടുനല്‍ക്‍ണ്ടി വന്നപ്പോള്‍ ഉണ്ടായ ഡേറ്റ് പ്രശ്നങ്ങളും, ചിത്രത്തിലെ നായികയെ കണ്ടെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളും, തന്‍റെ ഗുരുവായ എഡിറ്റര്‍ ജി മുരളിയെത്തന്നെ ആദ്യ ചിത്രത്തിന്‍റെ എഡിറ്റിംഗ് ഏല്‍പ്പിക്കാന്‍ കഴിഞ്ഞതുമൊക്കെ സഞ്ജീവ് പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അവസാനം സഞ്ജീവ് വിജയത്തിന്‍റെ കര കണ്ടിരിക്കുന്നു. ഒപ്പം മലയാളികള്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാന്‍ ഒരു നല്ല സിനിമയും.
Source:webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments