ഒരു നാള്‍ വരും മേയ് 7ന് എത്തും - Mohanlal Fans Association

ഒരു നാള്‍ വരും മേയ് 7ന് എത്തും

Share This



കൊളപ്പുള്ളി സുകുമാരന്‍ വരികയാണ്. നൂറുനൂറു പ്രശ്നങ്ങളും അഴിയാക്കുരുക്കുകളുമായി മേയ് ഏഴിനാണ് കക്ഷി എത്തുന്നത്. ഓരോ കുരുക്ക് അഴിക്കാന്‍ സുകുമാരന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസറും ഒപ്പമുണ്ടാകും. അതേ, ശ്രീനിവാസന്‍റെ തിരക്കഥയില്‍ ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘ഒരുനാള്‍ വരും’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.

കൊളപ്പുള്ളി സുകുമാരന്‍ എന്ന നായക കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തുന്ന ഗ്രാമീണ കര്‍ഷകനാണ് കൊളപ്പുള്ളി സുകുമാരന്‍. നഗരത്തില്‍ കുറച്ചു സ്ഥലം വാങ്ങി അതില്‍ വീടുവയ്ക്കുകയാണ് സുകുമാരന്‍റെ ലക്‍ഷ്യം. എന്നാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ സുകുമാരന്‍റെ ലക്‍ഷ്യത്തിന് വിഘാതമാകുകയാണ്.

‘അഴിമതി’ എന്ന വിഷയത്തിലാണ് ശ്രീനിവാസന്‍ ഇത്തവണ ശ്രദ്ധകൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ എല്ലാമേഖലകളിലും ഇന്ന് നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ ആക്ഷേപഹാസ്യത്തിലൂടെ ശ്രീനി വെളിച്ചത്തു കൊണ്ടുവരികയാണ്. ‘ഉദയനാണ് താരം’ എന്ന മെഗാഹിറ്റിന് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഒരുനാള്‍ വരും’. ബോളിവുഡ് സുന്ദരി സമീരാ റെഡ്ഡിയാണ് നായിക. സമീര അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണിത്.

പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ്‌കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍‌പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാമുംബൈ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു ആയിരുന്നു. ദാമര്‍ സിനിമയാണ് ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Pages