ലാലേട്ടന്റെ അമ്പതാം പിറന്നാളിന് ക്രിസ്ത്യന്‍ ബ്രദേഴ്സ് ഇല്ല! - Mohanlal Fans Association

ലാലേട്ടന്റെ അമ്പതാം പിറന്നാളിന് ക്രിസ്ത്യന്‍ ബ്രദേഴ്സ് ഇല്ല!

Share This
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ തയ്യാറല്ല. മോഹന്‍ലാലിന്‍റെ അമ്പതാം ജന്‍‌മദിനമായ മേയ് 21ന് ഈ ചിത്രം റിലീസ് ചെയ്യണമെന്ന ലാല്‍ ഫാന്‍സിന്‍റെ ആവശ്യത്തോട് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സഹകരിക്കുന്നില്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ് ഏപ്രില്‍ 30ന് തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളായ മഹ സുബൈറിന്‍റെയും എ വി അനൂപിന്‍റെയും തീരുമാനം.

ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ താരചക്രവര്‍ത്തിയുടെ അമ്പതാം ജന്‍‌മദിനത്തില്‍ റിലീസ് ചെയ്യണമെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടത്. എന്നാല്‍ മേയ് അവസാന വാരത്തില്‍ കേരളത്തില്‍ മണ്‍‌സൂണ്‍ സീസണ്‍ ആരംഭിക്കും എന്നതിനാല്‍ ഈ ആവശ്യത്തോട് നിര്‍മ്മാതാക്കള്‍ മുഖം തിരിക്കുകയായിരുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഏപ്രില്‍ 30ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ ഏപ്രിലില്‍ യൂണിവേഴ്സല്‍ സ്റ്റാറിന്‍റേതായി മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്ത ജനകന്‍ ഏപ്രില്‍ രണ്ടിനും മുരളി നാഗവള്ളി സംവിധാനം ചെയ്ത ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’ ഏപ്രില്‍ പതിനാലിനും റിലീസ് ചെയ്യും. ഇതോടെ ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കാവും ഇത്തവണത്തെ വിഷു സാക്‍ഷ്യം വഹിക്കുക.

മലയാള സിനിമയില്‍ സമീപകാലത്ത് ഏറെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. ശരത്കുമാര്‍, സുരേഷ് ഗോപി, ദിലീപ്, കാവ്യാ മാധവന്‍, ലക്‍ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കുന്നു.

Pages