രാജാവിന്‍റെ മകന്‍ ജൂലൈ 16ന് തുടങ്ങും - Mohanlal Fans Association

രാജാവിന്‍റെ മകന്‍ ജൂലൈ 16ന് തുടങ്ങും

Share This

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചു. സിഡ്നി ഷെല്‍ഡന്‍ രചിച്ച ‘റേജ് ഓഫ് എയ്ഞ്ചല്‍‌സ്’. ഇതു വായിച്ചു തീര്‍ത്ത ഉടനെ ഡെന്നിസ് തീരുമാനിച്ചു - “ഈ നോവല്‍ അടിസ്ഥാനമാക്കി ഒരു സിനിമ രചിക്കുക തന്നെ”.

ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 1986 ജൂലൈ 16ന് ആ ചിത്രം പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാലും സുരേഷ്ഗോപിയും രതീഷും അംബികയും അഭിനയിച്ച ആ സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ആ ചിത്രത്തിന്‍റെ മഹാവിജയത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി. വിന്‍സന്‍റ്‌ ഗോമസ് എന്ന കഥാപാത്രം ലാലിന്‍റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ സൃഷ്ടിയായി. സുരേഷ്ഗോപി എന്ന നടന്‍റെ ശക്തമായ കടന്നുവരവും രാജാവിന്‍റെ മകനിലൂടെയായിരുന്നു.

ഈ ജൂലൈ 16 രാജാവിന്‍റെ മകന്‍ റിലീസായിട്ട് 25 വര്‍ഷം തികയുകയാണ്. ഇത് ആഘോഷമാക്കണമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന് ആഗ്രഹം. അതിനിടെ അദ്ദേഹത്തിന് മറ്റൊരു മോഹം തോന്നി. ‘രാജാവിന്‍റെ മകന്‍’ റീമേക്ക് ചെയ്താലോ? മോഹന്‍ലാലിനോടും സുരേഷ് ഗോപിയോടും ഡെന്നീസ് ജോസഫിനോടും തമ്പി കണ്ണന്താനത്തിനോടും ആന്‍റണി ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും ആവേശമായി.

അതെ, ഈ ജൂലൈ 16ന് രാജാവിന്‍റെ മകന്‍ റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും. വിന്‍‌സന്‍റ് ഗോമസ് മറ്റാരുമല്ല, യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. സുരേഷ്ഗോപിയും ചിത്രത്തിന്‍റെ ഭാഗമാകും. ക്യാമറ ജയാനന്‍ വിന്‍സന്‍റ്‌. പഴയ നായിക അംബികയും അതിഥി വേഷത്തിലെത്തും. നായികമാര്‍ മറ്റു ഭാഷകളില്‍ നിന്ന് പറന്നെത്തും.

അധോലോകങ്ങളുടെ രാജകുമാരന്‍ കഥ തുടരുകയാണ്. എതിരാളികളില്ലാത്ത വിന്‍സന്‍റ്‌ ഗോമസ് എന്ന കഥാപാത്രം 25 വര്‍ഷത്തിന് ശേഷം പുനരവതരിക്കുമ്പോള്‍, പഴയ മോഹന്‍ലാല്‍ അല്ല ഇന്ന്. അദ്ദേഹം താരചക്രവര്‍ത്തിയാണ്. ലാലിന്‍റെ പുതിയ ഇമേജിനും പുതിയ കാലത്തിനും അനുസരിച്ചുള്ള തിരക്കഥ രചിക്കാനായി ഡെന്നീസ് ജോസഫ് ഏതോ ഹോട്ടല്‍ മുറിയില്‍ ഉറക്കമിളപ്പ് തുടങ്ങിക്കഴിഞ്ഞു.

Pages