ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയായ അമിതാഭ് ബച്ചനും മോഹന്‍ലാലും മലയാളത്തില്‍ ഒരുമിക്കുന്നു. ലാല്‍ തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. മേജര്‍ രവിയുടെ അടുത്ത ലാല്‍ ചിത്രമായിരിക്കും പ്രതിഭകളുടെ സംഗമത്തിന് അരങ്ങൊരുക്കുക എന്നാണ് സൂചന. മേജര്‍ രവി ചിത്രത്തില്‍ ബച്ചനെ സഹകരിപ്പിക്കാനായി ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ ‘മാടന്‍കൊല്ലി’ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് മേജര്‍ രവി. ഇതിനുശേഷമായിരിക്കും ലാല്‍ പ്രൊജക്ട്. ഷോലെയുടെ റീമേക്കായ രാംഗോപാല്‍ വര്‍മയുടെ ആഗില്‍ ബച്ചനും ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ബച്ചനെ പോലുളള ഒരു താരത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് ലാല്‍ കൂട്ടിച്ചേര്‍ത്തു. ഉത്സവ സീസണുകളില്‍ അന്യസംസ്‌ഥാന-വിദേശ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ചവേണമെന്നും ലാല്‍ ആവശ്യപ്പെട്ടു.
മറ്റു സംസ്‌ഥാനങ്ങളില്‍ ഇത്തരം നിയന്ത്രണം നിലവിലുണ്ട്. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാകില്ലെങ്കിലും കേരളത്തിലെ നിര്‍മാതാക്കള്‍ ഒന്നിച്ചിരുന്ന് ഇക്കാര്യത്തില്‍ എന്തു നിയന്ത്രണം കൊണ്ടുവരാനാകുമെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സിനിമയുടെ നിര്‍മാണച്ചെലവ് കുറച്ചുകൊണ്ട് മലയാളസിനിമയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനാവില്ല. കഥ ആവശ്യപ്പെടുന്ന ബജറ്റിലേ ചിത്രമെടുക്കാനാവു. അവതാര്‍ പോലൊരു ചിത്രം കണ്ടില്ലെങ്കില്‍ നാണക്കേടാണെന്ന് പറയുന്നവരാണ് നമ്മള്‍. ആ സിനിമ അത്രയും റിച്ചായി പെര്‍ഫെക്ഷനോടെ എടുത്തതുകൊണ്ടാണ് അത്തരമൊരു വികാരമുണ്ടാവുന്നത്. നല്ല കഥകള്‍ സിനിമയായാലെ മലയാള സിനിമയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നും സൂപ്പര്‍താരം പറഞ്ഞു.
source:webdunia.com