ഇവിടം സ്വര്‍ഗമാണ് - മികച്ച കുടുംബചിത്രം - Mohanlal Fans Association

Post Top Ad

Responsive Ads Here

ഇവിടം സ്വര്‍ഗമാണ് - മികച്ച കുടുംബചിത്രം

Share This
ഇവിടം സ്വര്‍ഗമാണ് - മികച്ച കുടുംബചിത്രം

നിരൂപണം: ജോസഫ് കടവത്ത്

Source: webdunia.com



ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലൂടെ അഭിനയശേഷി മാറ്റുരയ്ക്കാന്‍ പറ്റിയ ഒരുവേഷം മോഹന്‍ലാലിനും മണ്ണിന്റെ മണമുള്ള നല്ലൊരു കുടുംബചിത്രം മലയാളത്തിനും ഏറെക്കാലത്തിന് ശേഷം ലഭിച്ചിരിക്കുന്നു. മണ്ണിനെയും കൃഷിയെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ ചിത്രം. ഉദയനാണ് താരം നല്‍കി‌യ പ്രതീക്ഷകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് റോഷന്‍ ആന്‍ഡ്ര്യൂസ് ഒരുക്കിയ രണ്ടാമത്തെ ലാല്‍ ചിത്രം കാണാന്‍ ആദ്യ ഷോയ്ക്ക് തന്നെ ഇടിച്ചു കയറിയത്. അമിതപ്രതീക്ഷകളുടെ ഭാരമുള്ളതുകൊണ്ട് നിരാശപ്പെടേണ്ടി വരുമോ എന്ന് ചെറിയൊരു ആശങ്കയും തിയേറ്ററിനകത്തിരിക്കുമ്പോള്‍ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ചിത്രം തുടങ്ങിയപ്പോള്‍ ആശങ്കയെല്ലാം എവിടെയോ അലിഞ്ഞു പോയി. മണ്ണിനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള കോടനാട്ടുകാരുടെ മാത്തേവൂസെന്ന മാത്യൂസിന് (മോഹന്‍‌ലാല്‍) പെരിയാറിന്റെ തീരത്ത് മൂന്നേക്കര്‍ സ്ഥലമുണ്ട്. ഇവിടമാണ് അയാളുടെ സ്വര്‍ഗ്ഗം. ഒരു ഫാം ഹൗസ്. അതിനോട് ചേര്‍ന്നൊരു ജൈവകൃഷിത്തോട്ടം. വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പശുവിന്‍ പാലുമെന്ന അച്ഛന്‍ ജെറമിയാസിന്റെ (തിലകന്‍) സ്വപ്‌നമാണ് അയാള്‍ അവിടെ സഫലമാക്കിയത്. മാത്യൂസിന്റെ കൃഷി ഭൂമിയോട് ചേര്‍ന്ന് ആലുവ ചാണ്ടിയെന്ന (ലാലു അലക്സ്) പുത്തന്‍ പണക്കാരനും കുറച്ച് ഭൂമിയുണ്ട്. മാത്യൂസിന്റ സ്വര്‍ഗ്ഗമായ കൃഷി ഭൂമി കൂടി സ്വന്തമാക്കാനാണ് ആലുവ ചാണ്ടിയുടെ ശ്രമം. അതിന് അയാളെ സഹായിക്കാന്‍ മത്തേവൂസിന്‍റെ ശത്രുക്കള്‍ കൂടി ചേരുന്നു. ഇതോടെ താന്‍ സംരക്ഷിച്ചു പോരുന്ന മണ്ണിലേക്ക് കടന്നുകയറുകയും അത് നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നവരോടുള്ള ചെറുത്തുനില്‍പ്പായി അയാളുടെ ജീവിതം മാറുകയാണ്. തന്റെ സ്വര്‍ഗ്ഗത്തെ സംരക്ഷിയ്ക്കാനായി ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുന്ന മാത്യൂസിന്‍റെ കഥയാണ് ഇവിടം സ്വര്‍ഗമാണ് പറയുന്നത്. ഭ്രമരമെന്ന ബ്ലസ്സി ചിത്രത്തിനുശേഷം ലാലിന്‍റെ അനായാസ അഭിനയം കാണാന്‍ കഴിഞ്ഞുവെന്നതാണ് ഇവിടം സ്വര്‍ഗമാണെന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയന്‍റ്. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ മുറുക്കമുള്ള തിരക്കഥ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. സിറ്റുവേഷന്‍ കോമഡിയെ കഥയുമായി ഇണക്കി ചേര്‍ക്കുന്നതില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂ‍സ് കാണിച്ച മികവിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.ആദ്യ പകുതിയില്‍ തിരക്കഥയെ വേണ്ടും‌വണ്ണം കൈകാര്യം ചെയ്യാന്‍ സംവിധായകനായില്ലേ എന്ന സംശയം ഉണ്ടായി. അവിടവിടെ ചില ഇഴച്ചിലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. നല്ല പാട്ടുകള്‍ ഉള്‍‌പ്പെടുത്തി ഗംഭീരമാക്കാമായിരുന്ന ഈ സിനിമയില്‍ ഒരൊറ്റ പാട്ട് പോലും ഉള്‍‌പ്പെടുത്താതിലും കല്ലുകടി അനുഭവപ്പെട്ടു. ഗോപീ സുന്ദറിന്‍റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിലെങ്കിലും മുഴച്ചു നില്‍ക്കുന്നുണ്ട്.രണ്ടാം പകുതിയില്‍ ലാലു അലക്സ്‌, ജഗതി, ശ്രിനിവാസന്‍, ഇന്നസെന്റ് തുടങ്ങിയ മികച്ച നടന്മാരുടെ പ്രകടനത്തിനിടയില്‍ മോഹന്‍ലാലിന്റെ റോള്‍ അല്പം നിറം മങ്ങിയോ എന്ന് ചെറിയൊരു സംശയം. ഇത്രയുമാണ് സിനിമയുടെ നെഗറ്റീവ് പോയിന്റുകള്‍.മോഹന്‍‌ലാല്‍ എന്ന അതുല്യനടന്റെ അഭിനയവിരുതില്‍ മാത്യൂസ് എന്ന കഥാപാത്രം ഒരു കുടിയേറ്റ കര്‍ഷകന്റെ മാനറിസങ്ങളോടെ വിരിഞ്ഞുവരുന്നത് രണ്ടുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കും. ഈ സിനിമയില്‍ സ്കോര്‍ ചെയ്ത മറ്റൊരു നടന്‍ ലാലു അലക്സാണ്. ആലുവ ചാണ്ടിയെന്ന വില്ലന്‍ വേഷം ലാലു അലക്സിന്‍റെ കരിയറിന് പുനര്‍ജന്‍‌മം
നല്‍കുമെന്ന് ഉറപ്പാണ്. വില്ലത്തരവും കോമഡിയും ഒത്തിണക്കി ലാലു അലക്സ് അവതരിപ്പിക്കുന്ന ആലുവ ചാണ്ടിയെ കണ്ടപ്പോള്‍ രാജന്‍ പി ദേവിനെ ഓര്‍മ വന്നു. ലാലിന്‍റെ ഉറ്റ ചങ്ങാതി സുധീര്‍ ആയി പഴയകാല സൂപ്പര്‍ താരം ശങ്കറും മോശമാക്കിയില്ല. നരസിംഹത്തിന് ശേഷം ലാലും തിലകനും അച്ഛനും മകനുമായി വെള്ളിത്തിരയിലെത്തിയപ്പോള്‍ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ അതിനെ വരവേറ്റത്. ഗ്രാമീണ സൌന്ദര്യത്തിന്‍റെ വശ്യത മുഴുവന്‍ ദിവാകര്‍ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി, ശ്രീനിവാസന്‍, ശങ്കര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, ലാലു അലക്‌സ്, ജഗതി, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനൂപ് ചന്ദ്രന്‍, ബൈജു, എന്നിവരാരും നിരാശപ്പെടുത്തുന്നില്ല. എന്തായാലും 2009-ലെ ലാലിന്‍റെ ഏറ്റവും മികച്ച ചിത്രമെന്ന പദവി ഇവിടം സ്വര്‍ഗമാണ് സ്വന്തമാക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

Post Bottom Ad

Responsive Ads Here

Pages